11 September 2018

Paadam Kavitha lyrics | കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം Lyrics


കവിത : പാഠം
രചന : ഡോ. പി.കെ. ഷാജി


കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തില്‍ ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ
പ്രകൃതി താളുകള്‍ക്കപ്പുറത്തുള്ള
ജീവിത പാഠം
(2)
*
പഠിച്ചില്ലേ ആദ്യ പാഠമിപ്പഴേ
മനുഷ്യനാണീശ്വരനെന്നും
സ്‌നേഹമാണ് പ്രതിരോധമെന്നും
(2)

കുഞ്ഞേ ആഴത്തിലറിയണം
പുഴതന്‍ വഴികളെല്ലാം
(2)

കണ്ടില്ലെ വഴിയടച്ചാല്‍ ഒരിക്കല്‍
പുര മൂടിയൊഴുകും പുഴകളെന്ന്
(2)

എഴുതിവെക്കാമല്ലൊ ഇരട്ടവരക്കോപ്പിയില്‍
ഇങ്ങനെ
'കുത്തനെ കൂടി നില്‍ക്കും മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും കുളിരാണ് കുന്ന്'

അറിഞ്ഞില്ലെ ഇപ്പഴേ ഇഷ്ടമുള്ളതെല്ലാം
ഒരിക്കല്‍ നഷ്ടമാവുമെന്ന്
(2)

ഉപന്യസിക്കാമല്ലോ ആയിരം വാക്കില്‍
കുറയാതെ
അതിജീവനത്തിന്‍ വലിയ
പാഠത്തെക്കുറിച്ച്

കടലോരത്തെ സ്‌നേഹവലകളെ
കുറിച്ച്
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി
മതമില്ലാത്ത മരണപ്പിടച്ചിലിനെ പറ്റി

മാനവസ്‌നേഹത്തിന്‍ മായാ
കാഴ്ചകളൊക്കെയും
(2)

കുഞ്ഞേ തളിര്‍ക്കുക പ്രണയമായ് പൂക്കുക
പ്രളയം ജ്വലിപ്പിച്ച സ്‌നേഹം പടര്‍ത്തുക
മലയിടിക്കാതെ മഴയായി പെയ്യുക
മണലൂറ്റാതെ പുഴയായി ഒഴുകുക
പ്രകൃതി അറിയാത്ത പ്രളയമായ് തീരുക
അതിജീവനത്തിന്റെ ജ്വാലയായ് പടരുക
(2)

തകര്‍ന്ന വിദ്യാലയത്തിലെ
തകരാത്തൊരു മൂലയിലിരുന്ന്
അക്ഷരങ്ങള്‍ പെറുക്കിയെടുത്ത്
പുതിയൊരു പാഠവും എഴുതി ചേര്‍ക്കാം

അതിജീവനത്തിന്റെ മലയാള പാഠം
ഇങ്ങനെ
മഴ ചതിച്ചാലും മലയിടിഞ്ഞാലും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം

മഴ ചതിച്ചാലും മലയിടിഞ്ഞാലും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം

എന്നും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം
എന്റെ മലയാളം മലയാളം...
എന്റെ മലയാളം..


No comments:

Post a Comment