27 January 2018

Thoramazha Kavitha with Lyrics | Rafeeq Ahammed kavitha

കവിത : തോരാമഴ
രചന : റഫീക്ക് അഹമ്മദ്


ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
(2)

വാടകയ്ക്കായെടുത്തുള്ള കസേരകള്‍
ഗ്യാസ് ലൈറ്റ് , പായകള്‍ കൊണ്ടുപോയി .
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക -
ച്ചോടോളമപ്പോളിരുട്ടുവന്നു ,

ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു
ഉമ്മറയ്ക്കല്‍പ്പടിച്ചോട്ടില്‍
അവളഴിച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി

പുള്ളിക്കുറിഞ്ഞി നിസ്സംഗയായ്
പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി

തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി
(2)

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു

പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു

വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു

ഉമ്മുക്കുലുസു മരിച്ചന്നു
രാത്രിതൊട്ടിന്നോളം
ആ മഴ തോര്‍ന്നുമില്ല
(2)

No comments:

Post a Comment