28 April 2018

Karshakan kavitha lyrics by Dr KJS Vettoor

കവിത: കര്‍ഷകന്‍
രചന: ഡോ. ജെ.കെ.എസ്. വെട്ടൂര്‍

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍
(2)

വിശപ്പിന്റെ വിളിയ്ക്കു കാതടച്ചു പൊത്തി
വിളഞ്ഞീടാ വയല്‍ നോക്കി വിളര്‍ത്തു നില്‍പ്പൂ

നിനയ്ക്കാത്ത കൊടുംങ്കാറ്റില്‍ അടിഞ്ഞു പോയാല്‍
ഉറയ്ക്കാത്ത പുതുനെല്ല് പതിരായ് തീരും
(2)

മലമൂര്‍ത്തി കനിഞ്ഞെന്റെ വിളകാക്കേണം
പഴുക്കുമ്പൊള്‍ പറനെല്ല് നടയ്ക്കല്‍ വെയ്ക്കാം

വെളിച്ചപ്പാടുറഞ്ഞന്ന് പറഞ്ഞപോലെ
കുരുതിയ്ക്ക് കരുക്കള്‍ ഞാന്‍ എടുത്തു വെയ്ക്കാം
ചതിയ്ക്കല്ലേ മിന്നുമാല പണയം വെച്ച്
വിതയ്ക്കുള്ള വിത്തുനേടി ചാഴി ബാധിച്ചാല്‍
എനിയ്ക്കില്ല നയാപൈസ കടം വീട്ടാനായ്
ഉറക്കില്ല അവളെന്നെ വഴക്കായ് പിന്നെ

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍

ഉടയോരെ നെടുനാളായ് വിയര്‍പ്പൊഴുക്കി
പണിയുന്നീ കരിമണ്ണിലിരുട്ടുവോളം
ഉടുമുണ്ട് ബാക്കിയത്രെ കിടാങ്ങള്‍ക്കായി
പുതിയകുപ്പായമേകാന്‍ വരുന്നു ചിങ്ങം
(2)

കൊടുത്തുവാക്കവര്‍ക്കു ഞാന്‍ കഴിഞ്ഞകൊല്ലം
മുടക്കാതെയുടുപ്പുകള്‍ അടുത്തകൊല്ലം
(2)
വിതക്കാലം പലര്‍ക്കായി പണി ചെയ്യാതെ
പനിച്ചങ്ങു കിടന്നു പോയ് ക്ഷമിയ്ക്കൂ ദേവാ
(2)

കിഴക്കുന്നു മുഞ്ഞപാത വരുന്നു കേള്‍വി
ഇതാ ഞാറു കൊതുമ്പായി രക്ഷപെട്ടേയ്ക്കാം

അടവെച്ചു വിരിയിച്ച പതിനാലെണ്ണം
പകുതിയും പരുന്തിന്റെ പിടിയിലായി
(2)

എരുത്തിലെ പശുക്കുട്ടി കുളമ്പു കേടാല്‍
ഇടക്കിടെ കിടപ്പായി തളര്‍ന്നു ഞാനും
(2)

വലയ്ക്കല്ലെ എനിയ്ക്കിനി കരുത്തു പോരാ
നിലയ്ക്കാത്ത ചുമക്കിനി മരുന്നും ചേരാ
(2)

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍

No comments:

Post a Comment